ലോക മയക്കുമരുന്ന് വിരുദ്ധ ദിനം - ജൂൺ 26

 


പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

        ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുകയാണ്. 1989 മുതൽ ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിച്ചു വരുന്നു. ഓരോ വർഷവും ഓരോ മുദ്രാഗീതം ഈ ദിനത്തിൽ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വെയ്ക്കാറുണ്ട്. ഈ വർഷത്തെ മുദ്രാവാക്യം ലഹരിയെ കുറിച്ചുള്ള സത്യം പങ്കുവെയ്ക്കുക..... ജീവിതങ്ങൾ രക്ഷിക്കുക.... എന്നതാണ്.

         നമുക്കെല്ലാം അറിയുന്നതു പോലെ ലഹരിയുടെ ഉപയോഗം വല്ലാതെ വർദ്ധിച്ചിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ കുട്ടികൾ പോലും ഇക്കാര്യത്തിൽ സുരക്ഷിതരല്ല. കൌമാരത്തിലേക്ക് എത്തുന്ന കുട്ടികളെയാണ് പലപ്പോഴും ലഹരി സംഘങ്ങൾ വലയിൽ പെടുത്തുന്നത്. അതുകൊണ്ട്  ഇക്കാര്യത്തിൽ രക്ഷിതാക്കൾ വളരെ ജാഗ്രത പാലിക്കേണ്ടതാണ്. 

        നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വളരെ ചെറിയ കുട്ടികളാണ്. ലഹരിയെ കുറിച്ചൊന്നും അറിയാനുള്ള പ്രായം അവർക്കായിട്ടില്ല. പക്ഷേ, അവർ വളർന്നു വരുമ്പോൾ ഇത്തരം ചതിക്കുഴികളിൽ പെടാതെയിരിക്കാൻ നാം ഇപ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. മുതിർന്നവർ ചെയ്യുന്ന പല കാര്യങ്ങളും അനുകരിക്കാൻ വാസനയുള്ളവരാണ് കുട്ടികൾ. അതുകൊണ്ട് പുകവലിയും മദ്യപാനവും മറ്റ് ലഹരി വസ്തുക്കളും കുട്ടികളുടെ മുന്നിൽ വെച്ച്  ഉപയോഗിക്കുന്നത് തെറ്റാണ് എന്ന അവബോധം മുതിർന്നവർക്കുണ്ടാകണം. നമ്മുടെ വീടുകളിൽ നിന്ന് ലഹരിയെ അകറ്റി നിർത്തണം. കുട്ടികൾക്ക് നല്ല മാതൃകകളാണ് നാം കാണിച്ചു കൊടുക്കേണ്ടത്.

        കുടുംബങ്ങളിൽ നാം പാലിക്കേണ്ട മറ്റൊരു കാര്യം കുട്ടികളുമായി നിരന്തരം സംസാരിക്കുക എന്നതാണ്. ഓരോ ദിവസവും കുട്ടി പഠിച്ച കാര്യങ്ങൾ, അവരുടെ ടീച്ചർ കൊടുത്ത നിർദ്ദേശങ്ങൾ, കൂട്ടുകാരുടെ വിശേഷങ്ങൾ, ........ ഇങ്ങനെയുള്ള വിശേഷങ്ങൾ സമയം കണ്ടെത്തി കുട്ടികളോട് ചോദിച്ച് അവരോടൊപ്പം നിൽക്കുന്നവരായി രക്ഷിതാക്കൾ മാറണം. ലഹരിക്ക് അടിപ്പെട്ട പല കുട്ടികളുടെയും കാര്യത്തിൽ രക്ഷിതാക്കളുമായി അവർക്ക് നല്ല ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുട്ടികൾ എത്ര വളർന്നാലും അവരുമായി എല്ലാ ദിവസവും നല്ല രീതിയിൽ സംസാരിക്കുന്ന ഒരു രക്ഷിതാവ് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല.

        ലോകത്ത് മദ്യവും മയക്കുമരുന്നുകളും എല്ലാമുണ്ട് എന്ന കാര്യം കുട്ടികളും അറിഞ്ഞിരിക്കണം. അവ ഏറ്റവും മോശമായ കാര്യങ്ങളാണ് എന്ന് ചെറിയ പ്രായത്തിൽ തന്നെ മനസ്സിലാക്കി അവയ്ക്കെതിരെയുള്ള ഒരു മനസ്സ് കുട്ടികളിൽ രൂപപ്പെടുത്തണം. നമ്മുടെ വിദ്യാലയത്തിൽ ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾക്കായി ചെയ്യാവുന്ന ചില പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു.

  • പോസ്റ്റർ നിർമ്മാണം 
  • പ്രസംഗം
  • ചിത്രരചന
  • ക്വിസ്
  • ലഹരി വിരുദ്ധ പ്രതിജ്ഞ ( വീടുകളിൽ എല്ലാ കുടുംബാംഗങ്ങളും ചേർന്ന്) 

Comments

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം