വായന പക്ഷാചരണം

 


പ്രിയ കുട്ടികളേ, രക്ഷിതാക്കളേ,

ഈ വർഷത്തെ വായന പക്ഷാചരണം ജൂൺ 19 മുതൽ ജൂലൈ 3 വരെ വിവിധ വായന പരിപോഷണ പരിപാടികളോടെ നാം ആഘോഷിക്കുകയാണ്. വായന പക്ഷാചരണത്തിന്റെ പ്രധാന ലക്ഷ്യം നമ്മളെല്ലാവരും മികച്ച വായനക്കാരാവുക എന്നതാണ്. അതിനുതകുന്ന പ്രവർത്തനങ്ങളാണ് നാം ഏറ്റെടുക്കുന്നത്. ഓരോ ക്ലാസ്സിലും വൈവിധ്യമാർന്ന വായന പ്രവർത്തനങ്ങൾ നടപ്പിലാക്കണം. പ്രീപ്രൈമറി, 1,2 ക്ലാസ്സുകൾ, 3,4 ക്ലാസ്സുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവരുടെ നിലവാരത്തിന് ഉതകുന്ന രസകരമായ പ്രവർത്തനങ്ങളാണ് നൽകേണ്ടത്. ഇത് എന്തെല്ലാം ആയിരിക്കണം എന്നത് കുട്ടികളും ക്ലാസ്സ് ടീച്ചറും രക്ഷിതാക്കളും ചേർന്ന് ആലോചിക്കണം. 

  • ചിത്രവായന
  • ശ്രാവ്യ വായന ( വായനക്കാർഡുകൾ, ചെറിയ ബാലസാഹിത്യകൃതികൾ) 
  • കുട്ടിക്കവിതാലാപനം
  • കഥപറച്ചിൽ
  • പ്രശ്നോത്തരി
  • പദ്യം ചൊല്ലൽ
  • ചിത്രരചന
  • കവിതാരചന
  • കഥാരചന

എന്നിങ്ങനെ കുട്ടികൾക്ക് താൽപര്യമുള്ള എല്ലാ പ്രവർത്തനങ്ങളും നമുക്ക് സംഘടിപ്പിക്കാൻ കഴിയും. കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കളുടെ പരിപൂർണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഇതെല്ലാം വിജയിപ്പിക്കാൻ കഴിയൂ. കൂടാതെ രക്ഷിതാക്കൾക്കായി 
  • അമ്മ വായന ( കുട്ടികൾക്ക് കഥ, കവിത,....... മുതലായവ വായിച്ചു നൽകൽ
  • വായനക്കാർഡ് തയ്യാറാക്കൽ
എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും സംഘടിപ്പിക്കാവുന്നതാണ്. വ്യത്യസ്തങ്ങളായ മറ്റ് പ്രവർത്തനങ്ങളും ക്ലാസ്സിന്റെ സാഹചര്യം അനുസരിച്ച് ചെയ്യാവുന്നതാണ്.

നമ്മുടെ ലക്ഷം കുട്ടികളെ നിരന്തര വായനക്കാരാക്കുക എന്നതാണ്. ആയതിനാൽ കേവലം രണ്ടാഴ്ചത്തെ പ്രവർത്തനങ്ങളല്ല നാം ആസൂത്രണം ചെയ്തിരിക്കുന്നത്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വായന പരിപോഷണ പ്രവർത്തനങ്ങളാണ് നമ്മുടെ ലക്ഷ്യം.


ഈ വർഷത്തെ വായന പക്ഷാചരണം ജൂൺ 19 ന് ആരംഭിക്കുകയാണല്ലോ. ഉദ്ഘാടനത്തോടനുബന്ധിച്ച് വർഷം മുഴുവൻ തുടർച്ചയായി സ്കൂളിൽ നടത്താനായി നമ്മൾ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികൾ ഇവിടെ പ്രഖ്യാപിക്കുകയാണ്.

1 വായനക്കാർഡുകളുടെ വായന


എൽ.കെ.ജി., യു.കെ.ജി., ഒന്ന്, രണ്ട് ക്ലാസ്സുകൾക്കാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. പ്രീപ്രൈമറി തലത്തിൽ ചിത്രവായനയും ഒന്ന്,രണ്ട് ക്ലാസ്സുകൾക്ക് കുഞ്ഞ് കഥകളും പാട്ടുകളും അമ്മമാരുടെ സഹായത്തോടെ വായിക്കുന്ന രീതിയും ആണ് ഉദ്ദേശിക്കുന്നത്. ആഴ്ചയിലൊരിക്കലെങ്കിലും ഓരോ കുട്ടിയും വായനക്കാർഡുകൾ വായിക്കുന്നു എന്ന് ഉറപ്പാക്കും. കുട്ടികൾ സ്കൂളിലെത്തുന്ന മുറയ്ക്ക് യഥാർഥ വായനക്കാർഡുകൾ തന്നെ നൽകുന്നതാണ്.

2. പത്രപാരായണം ദിവസേന


മൂന്ന്, നാല് ക്ലാസ്സുകാർ എല്ലാ ദിവസവും പത്രം വായിക്കുന്നു എന്ന് ഉറപ്പാക്കും. പത്രം വീട്ടിൽ വരുത്തുന്നവർ അതിൽ നിന്നും ഇഷ്ടപ്പെട്ട ഭാഗം വായിച്ച് അതിന്റെ ഒരു കുറിപ്പ് തയ്യാറാക്കണം. വാർത്ത അതുപോലെ തന്നെ പകർത്തി എഴുതലല്ല ഉദ്ദേശിക്കുന്നത്. വാർത്തയുടെ ഉള്ളടക്കം അവർക്ക് മനസ്സിലായതു പോലെ എഴുതുകയാണ് വേണ്ടത്. ഓരോ ദിവസവും തീയതി ഉൾപ്പെടുത്തി എഴുതണം.ആഴ്ചയിലൊരിക്കൽ അതുവരെയുള്ള കുറിപ്പുകൾ അധ്യാപകർക്ക്  അയച്ചു കൊടുക്കണം. വീട്ടിൽ പത്രം ഇല്ലാത്തവർക്ക് ക്ലാസ്സ് അധ്യാപകർ കുട്ടികൾക്ക് യോജിച്ച ഒരു ഭാഗം ഗ്രൂപ്പിൽ നൽകും. അത് വായിച്ചാണ് കുറിപ്പ് തയ്യാറാക്കേണ്ടത്. വീട്ടിൽ പത്രം വരുത്തുന്നവർ യാതൊരു കാരണവശാലും ഡിജിറ്റലായി നൽകുന്ന വാർത്തയുടെ കുറിപ്പ് എഴുതരുത്.



3. പ്രതിദിന പ്രശ്നോത്തരി


എല്ലാ ക്ലാസ്സുകളിലും കുട്ടികളുടെ നിലവാരത്തിനു യോജിച്ച രണ്ട് ചോദ്യങ്ങൾ ദിവസവും ക്ലാസ്സ് ഗ്രൂപ്പിൽ നൽകും. ആ മാസത്തെ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതായിരിക്കണം ചോദ്യങ്ങൾ. ഇവ കുട്ടികൾ തുടർച്ചയായി പഠിച്ചു പോകണം. ഓരോ ദിനാചരണവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള എല്ലാ ക്വിസ് മത്സരങ്ങൾക്കും ഈ ചോദ്യങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ്. ചോദ്യങ്ങളും ഉത്തരങ്ങളും ഒരു നോട്ട്ബുക്കിൽ എഴുതി സൂക്ഷിക്കണം. കൊച്ചുകുട്ടികൾക്ക് വേണ്ടി രക്ഷിതാക്കൾ അവ എഴുതിവെയ്ക്കണം. രക്ഷിതാക്കൾക്കും ചോദ്യങ്ങൾ അയച്ചു നൽകാവുന്നതാണ്.

4. പുസ്തകപക്ഷം


മൂന്ന്,നാല് ക്ലാസ്സുകാർക്കായുള്ള ഒരു പദ്ധതിയാണ് ഇത്. രണ്ടാഴ്ചയിലൊരിക്കൽ ഒരു പുസ്തകം വായിച്ച് കുറിപ്പ് തയ്യാറാക്കണം. ഡിജിറ്റലായി ലഭിക്കുന്ന പുസ്തകങ്ങളായാലും മതി. ഒരു നോട്ട്ബുക്കിൽ തീയതി രേഖപ്പെടുത്തി വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കണം. അധ്യാപകർ ആവശ്യപ്പെടുമ്പോൾ അത് പരിശോധനയ്ക്കായി നൽകണം.

സമ്മാനങ്ങൾ

ഓരോ ക്ലാസ്സിലും മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങൾ സ്ഥിരമായും താൽപ്പര്യത്തോടെയും ആകർഷകമായും ചെയ്യുന്ന കുട്ടികൾക്ക് എല്ലാവർക്കും മനോഹരമായ സമ്മാനങ്ങൾ നൽകുന്നതാണ് എന്ന വിവരവും അറിയിക്കുന്നു.

ഈ പ്രവർത്തനങ്ങൾക്കെല്ലാം എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർഥിക്കുന്നു.

കൂടുതൽ വായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.










Comments

Popular posts from this blog

The Elephant and the Ant

അവധിക്കാല പ്രവർത്തനങ്ങൾ - മെയ് മൂന്നാം വാരത്തിലെ സൃഷ്ടികൾ

ലോക പരിസ്ഥിതി ദിനം